2018 ഡിസംബർ 8, ശനിയാഴ്‌ച

പാര്‍ട്ടി നേതാക്കള്‍ ഭരണഘടനാവിരുദ്ധ നടപടികള്‍ക്ക് മുതിരുന്നത് ദൗര്‍ഭാഗ്യകരം ; സുരേന്ദ്രന്റെ ജാമ്യ ഉത്തരവില്‍ ഹൈക്കോടതി

പ്രമുഖ പാര്‍ട്ടിയില്‍ ഉന്നത പദവി വഹിക്കുന്ന ഉത്തരവാദിത്തമുള്ള വ്യക്തികള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഭരണഘടനാവിരുദ്ധ നടപടികള്‍ക്ക് മുതിരുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി. ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ബിജെപി ജനറല്‍ കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ പരാമര്‍ശങ്ങള്‍. പ്രഥമദൃഷ്ട്ര്യാ കെ സുരേന്ദ്രന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന വസ്തുതകള്‍ കേസ് ഡയറിയിലുണ്ട്. ശബരിമലയുടെ വിശ്വാസ സംരക്ഷകരായി സ്വയം പ്രഖ്യാപിച്ചെത്തിയവരുടെ നടപടികളില്‍ തനിക്ക് പങ്കില്ലെന്ന സുരേന്ദ്രന്റെ വാദം സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ കേസിന്റെ സ്വഭാവം, ആരോപിക്കപ്പെടുന്ന പങ്കാളിത്തം, ആധാരമായ വസ്തുതകള്‍, തടങ്കല്‍ കാലയളവ് തുടങ്ങിയവ പരിഗണിച്ച്‌ ജാമ്യം അനുവദിക്കുകയാണ്. ക്ഷേത്രപരിസരങ്ങളില്‍ ബഹളത്തിനും കലാപത്തിനുമുള്ള ശ്രമങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന വ്യവസ്ഥ ഏര്‍പ്പെടുത്തുകയാണെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍ വിധി ന്യായത്തില്‍ വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ